ഉറക്കത്തിൽ നിങ്ങള്ക്ക് സംഭവിക്കുന്നത്
ഉറക്കം
ഉറക്കം എത്ര ശാന്തമായ അനുഭവം ആണ്. ഉറക്കം ഒരു ധ്യാനമാണ്. അവിടെ ദുഖമില്ല, ചിന്തയില്ല, വേദനയില്ല. എല്ലാത്തില്‍ നിന്നും അല്പനേരത്തേക്കു വിശ്രമം എടുക്കുന്നു. ശരീരത്തിനും ഒരു വിശ്രമം. ഉറക്കം പ്രകൃതി നല്‍കിയിരിക്കുന്ന ഒരു അനുഗ്രഹമാണ്. നാം കോടികള്‍ സംബാദിചാലും, എല്ലാം നേടിയാലും നമുക്ക് ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ സാധിച്ചില്ലെങ്കില്‍ എന്ത് ഗുണം. എത്രയോ കോടീശ്വരന്മാര്‍, ഉറക്കമില്ലാതെ ഉറക്ക ഗുളികകളെ ആശ്രയിച്ചു കഴിയുന്നു. കോടികള്‍ സമ്പാദിച്ചു പട്ടുമെത്തയില്‍, എ സീയുടെ ശീതളതയില്‍ തിരിഞ്ഞും മറിഞ്ഞുംഉറക്കമില്ലാത്ത രാത്രികള്‍ ചിലവഴിക്കുന്ന കൊടീശ്വരന്മാരും, കിടപ്പാടമില്ലാതെ കടത്തിണ്ണകളിലും മറ്റും, വെറും ചാക്ക് വിരിച്ചു സുഖമായി ഉറങ്ങുന്ന ദരിദ്രനും ഇന്നത്തെ ലോകത്തെ രണ്ടു വിരോധാഭാസങ്ങള്‍ ആണ്. ഇവിടെ ആരാണ് മനസ്സില്‍ സ്വസ്ഥത അനുഭവിക്കുന്നത് എന്ന് ഇന്ന് വിവേകം ഉള്ള ആര്‍ക്കും മനസിലാകും. മനുഷ്യന്‍ ശരാശരി അവന്റെ ആയുസ്സിന്റെ മൂന്നിലൊന്നു ഉറങ്ങി തീര്‍ക്കുന്നു. അതായത് 60 വയസ്സാകുന്ന ഒരാള്‍ 20 വര്ഷം ഉറങ്ങുന്നു, എന്ന് ലോകത്തിന്റെ പല ഭാഗങ്ങളും നടന്ന പഠനങ്ങള്‍ തെളിയിക്കുന്നു. മരണത്തെ പലര്‍ക്കും ഭയമാണ്. എന്നാല്‍ ഭയക്കാതിരിക്കാന്‍ ഒരു കാര്യം ചിന്തിച്ചാല്‍ മതി. ഉറക്കത്തില്‍ നാം എവിടെ? കാരണം ഉറക്കം മരണത്തിന്റെ ഒരു പരിശീലനമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനവും, രക്തചംക്രമണവും, ശ്വസോച്യാസവും അല്ലാതെ എല്ലാം മരിച്ചതിനു തുല്യമാണ് ഉറക്കത്തില്‍. ഉറക്കം നിത്യമായ മരണത്തിലേക്കുള്ള പരിശീലനമാണെന്നാണ് ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പറയുന്നത്. എന്തായാലും ഉറക്കം എന്നത് എന്താണെന്ന് ആര്‍ക്കും അറിയാമെങ്കിലും അതിന്റെ ശാസ്ത്രീയമായ വശങ്ങള്‍ അല്പം മനസിലാക്കുന്നത് രസകരമാണ്.
🌷എന്താണ് ഉറക്കം
ശരീരത്തിനും മനസ്സിനും തലച്ചോറിലൂടെ കിട്ടുന്ന ഒരു വിശ്രമം ആണ് ഉറക്കം.ശരീരത്തിന് വിശ്രമം കിട്ടാന്‍ തലച്ചോറ് ചെയ്യുന്ന ഈ പ്രക്രിയ ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ്. മനുഷ്യരെ പോലെ, എല്ലാ ജീവികളും ഉറങ്ങുന്നു. ഉറക്കം ഇല്ലെങ്കില്‍ ഒരു ജീവനും നിലനില്‍പ്പില്ല. അതുകൊണ്ട് തന്നെ ജീവികളുടെ അസ്തിത്വത്തിന്റെ ഭാഗമാണ് ഉറക്കം. നിദ്രയില്‍ ശരീര പേശികള്‍ എല്ലാം അയയുന്നു. എന്നാല്‍ തലച്ചോര്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന ഒരു സമയം കൂടിയാണത്.
🌷മെലാട്ടോനിന്‍
തലച്ചോറിലെ മെലാട്ടോനിന്‍ (melatonin ) എന്ന ഹോര്‍മോണ്‍ ആണ് ഉറക്കം ഉണ്ടാക്കുന്നത്. ഇത് മനസ്സിന് സന്തോഷവും ഉണ്ടാക്കുന്നു.
രാത്രി സമയം ആണ് ഉറക്കത്തിനു നല്ലത്. കാരണം ഈ ഹോര്‍മോണ്‍ രാത്രിയിലാണ് കൂടുതല്‍ ഉണ്ടാകുന്നത്. നാം എത്ര പകല്‍ ഉറങ്ങിയാലും രാത്രി ഉറക്കം പോലെ ഉറങ്ങാന്‍ പറ്റില്ല. രാത്രിയില്‍ വെളിച്ചം കുറയുമ്പോള്‍ മേലടോനിന്‍ കണ്ണിലെ ദ്രശ്യ കേന്ദ്രങ്ങളുമായി നേരിട്ട് ബന്ധമുള്ള തലച്ചോറിലെ പീനയില്‍ ഗ്രന്ധിയുമായി പ്രവര്‍ത്തിച്ചു ഉറക്കം ഉണ്ടാക്കുന്നു. ഉറക്കം കുറഞ്ഞാല്‍ മേലടോനിന്‍ ഉത്‌പാദനവും കുറയുന്നു.
🌷ഉറക്കത്തിന്റെ രണ്ടു ഖട്ടങ്ങള്‍
ദ്രുതചലന വേള ( REM - Rapid Eye Movement )
ദ്രുതവിഹീനചലന വേള ( NREM - Non-Rapid Eye Movement)
ഇവ രണ്ടും 90 മുതല്‍ 110 മിനിറ്റ് വരെ മാറി മാറി വരുന്നു. ചില ഡോക്ടര്‍മാര്‍ പറയുന്നത്, അത് ഓരോ 90 മിനിറ്റ് കൂടുമ്പോഴും മാറുന്നു എന്നാണു. ഏതായാലും കുറഞ്ഞത് 90 അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ ദൈര്‍ഖ്യം പ്രതീക്ഷിക്കാം. ഇതില്‍ ദ്രുതചലന വേളയില്‍ ആണ് സ്വപ്‌നങ്ങള്‍ കാണുന്നത്. ഇതും ഫ്രോയിഡിന്റെ Interpretation of Dreams (സ്വപ്നവിശകലനം) എന്ന പുസ്തകത്തില്‍ പറയുന്നു.
🌷ഉറക്ക പ്രശ്നങ്ങൾ
1 ) നിദ്രാടനം ( Somnambulism )
ഗാഢനിദ്രയുടെ ഭാഗമാണ് നിദ്രാടനം. ഇത് നടക്കുന്നത് NREM വേളയിലാണ്. ഗാഢനിദ്രയില്‍ എഴുന്നേറ്റു നടക്കുകയോ പ്രവര്‍ത്തി ചെയ്യുകയോ ചെയ്യുന്നു. മാംസപേശികളും, കൈകാലുകളും, തലച്ചോറിലെ നിദ്രയുടെ കേന്ദ്രവുമായി വിയോജിക്കുംബോഴാണ് ഇതുണ്ടാകുന്നത്. ഇവിടെയും നമ്മുടെ കണ്ണുകള്‍ ചലിക്കുന്നുന്ടെങ്കിലും വേഗം കുറവായിരിക്കും. കുട്ടികളിലും കൌമാരക്കാരിലും ആണ്
സാധാരണ കാണാറുള്ളത്.
2 ) പേടിസ്വപ്നങ്ങള്‍ (Nightmares )
പേടിസ്വപ്‌നങ്ങള്‍ കൂടുതല്‍ കാണുന്നത്, പകല്‍ സമയത്ത് മനസ്സ് വല്ലാതെ അസ്വസ്തമായും, നിരാശയായും, പരാജയ മനോഭാവത്തിലും ഒക്കെ ഇരിക്കുകയും ഉറങ്ങുകയും ചെയ്യുമ്പോഴാണ്. ചിലപ്പോള്‍ വലിയ കുറ്റബോധം, മരണത്തിന്റെ ഓര്‍മ്മകള്‍, വലിയ ദുരന്തങ്ങളുടെ ഓര്‍മ്മകള്‍ ഇവ പകല്‍ സമയത്ത് നിരന്തരം ഉണ്ടാകുമ്പോഴും ഇങ്ങിനെയുണ്ടാകാം. ഇത് കുട്ടിക്കാലത്ത് അല്പം കൂടിയിരിക്കും.
പകല്‍ സമയത്ത് ബോധമനസ്സിലെ ഈ വ്യാപാരങ്ങള്‍, ഉറക്കത്തില്‍ ഉപബോധ മനസ്സില്‍ ഉണര്‍ന്നു, REM എന്ന വേളയില്‍ സ്വപ്നമാകുന്നു. വല്ലപ്പോഴും ഇതുണ്ടായാല്‍ ഇത് പ്രശ്നമില്ല. എന്നാല്‍ തുടര്‍ച്ചയായി പേടി സ്വപ്നം കണ്ടാല്‍ നല്ലൊരു
കൌണ്‍സിലറിന്റെയോ, മനശാസ്ത്രഞ്ഞന്റെയോ സഹായത്താല്‍ ഇതില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗങ്ങള്‍ ആരായാം.
3 ) കൂര്‍ക്കം വലി (Snoring )
ഉറക്കത്തില്‍ ശരീരപേശികള്‍ എല്ലാം അയയുന്നു. അപ്പോള്‍ ശ്വാസക്കുഴല്‍ കടന്നു പോകുന്ന, അസ്ഥിയില്ലാത്ത ഭാഗത്തെ പേശികള്‍
കൂടുതല്‍ ചുരുങ്ങുന്നു. അപ്പോള്‍ കുറുനാക്കില്‍ തട്ടി വരുന്ന ശ്വാസത്തിന് ശബ്ദമുണ്ടാക്കുന്നു. പൊതുവേ വണ്ണം കൂടുതലുള്ളവര്‍ക്ക് കഴുത്തിനും വണ്ണം കുടുതല്‍ കാണുമല്ലോ അവര്‍ക്ക് കൂര്‍ക്കം വലിയും കൂടുതല്‍ ആയിരിക്കും. എങ്കിലും നന്നായി വ്യായാമം ചെയ്യുന്നവര്‍ക്ക് ഇത് കുറവായിരിക്കും. ഇത് ചികില്സിക്കാതിരുന്നാല്‍ ഭാവിയില്‍ സ്ട്രോക്ക്, ഹൃദ്രോഗം ഇവ വരാന്‍ കാരണമാകാം. കാരണം ആവശ്വത്തിനു ഓക്സിജന്‍ തലച്ചോറില്‍ എത്താന്‍ കൂര്‍ക്കം വലി തടസ്സമാകുന്നു.
4 ) ഉറക്കമില്ലായ്മ (Insomnia )
ഉറക്കമില്ലായ്മ അല്ലെങ്കില്‍ ഉറക്കക്കുറവ് ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ബാധിക്കുന്ന ഒന്നാണ്. ചിലര്‍ ചെരിഞ്ഞും മറിഞ്ഞും കിടന്നു സമയം എടുത്തു ഉറങ്ങുന്നു. ചിലര്‍ അങ്ങിനെ തന്നെ നേരം വെളുപ്പിക്കുന്നു. മസ്തിഷ്ക്കതകരാര് കൊണ്ട്,
ഉത്കണ്ടാ രോഗങ്ങള്‍ കൊണ്ടും, ജീവിത രീതിയിലെ മാറ്റങ്ങള്‍ മൂലം ജൈവ ഖടികാരത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടും
അങ്ങിനെ പലതും ഇതിനു കാരണമാകാം.
🌷നിദ്രാ രോഗങ്ങള്‍
വിഷമ നിദ്ര (dyssomnia ), ക്രമരഹിത നിദ്ര (parasomnia ), അനിയന്ത്രിത നിദ്ര (narcolepsy ), അമിതനിദ്ര (hypersomnia ) ഇവയൊക്കെ
നിദ്രാ രോഗങ്ങള്‍ ആണ്. ഇവ കൂടാതെ ഉറക്കത്തിലെ വര്‍ത്തമാനം, ശ്വാസം
നിന്നുപോകല്‍ (Sleep Apnea), പല്ലുകടി, കൈകാല്‍ ചലിക്കല്‍,
നിദ്രാ തളര്‍വാതം, തുടങ്ങിയ നിദ്രാ വൈകല്യങ്ങളും ഉണ്ട്. ഇവയൊക്കെ ശ്വാസക്കുഴലിന്റെ തടസ്സം, നാഡീ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ ഇവയുടെ ഒക്കെ പരിണത ഫലങ്ങള്‍ ആണ്.
ഇതില്‍ അനിയന്ത്രിത നിദ്രയില്‍ പകല്‍ സമയവും ജോലി ചെയ്യുന്ന സമയവും, കളികള്‍ ഇവയ്ക്കിടയിലും
ഉറങ്ങി പോകാം. ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ഉറങ്ങി പോകാം. അമേരിക്കയില്‍ ഇങ്ങിനെ പല അപകടങ്ങളും ഉണ്ടാകാറുണ്ട്.
അമിത നിദ്രക്കാര്‍ 18 മണിക്കൂറോളം തുടര്‍ച്ചയായി ഉറങ്ങിപോകാറുണ്ട്.
മൂക്കില്‍ ദശ വളര്‍ന്നാലും, രാത്രി ഉറക്കത്തിനു പ്രശ്നമാണ്. പുക വലിയും പ്രശ്നക്കാരനാണ്. മൂക്കില്‍ ഒഴിക്കുന്ന തുള്ളി മരുന്ന് അല്പം ആശ്വാസം നല്‍കും. മൂക്കിലെയോ തോന്ടയിലെയോ പ്രശ്നം പരിഹരിക്കാന്‍ വ്യായാമം ചെയ്യുക, പുകവലി നിര്‍ത്തുക, ഇവയൊക്കെ ചെയ്യാം. കുറവില്ലെങ്കില്‍ ചെറിയ സര്‍ജറി വഴി അത് ശരിയായിക്കിട്ടും.
🌷ജൈവ ഖടികാരം
നാം എത്ര ഉറങ്ങിയാലും കൃത്യ സമയത്ത് അല്ലെങ്കില്‍ വെളിച്ചം വരുമ്പോള്‍ ഉണരുന്നു. നാം ചില പ്രത്യക സമയത്ത് എന്നും കൃത്യമായി എഴുന്നേല്‍ക്കാന്‍ നമുക്കൊരു ജൈവ ഖടികാരം ഉണ്ട് (biological clock ). ഇങ്ങിനെ ഉണരുന്നതിനെ circadian rythm എന്ന് പറയുന്നു. കുറച്ചു നാള്‍ നാം കൃത്രിമമായി അലാം വെച്ച് എഴുനേറ്റു നോക്കുക, അതിനു ശേഷം ആ ക്ലോക്ക് ഇല്ലെങ്കിലും നമ്മുടെ ജൈവ ഖടികാരം നമുക്ക് അലാം ബെല്‍ തരുകയും നാം ഉണരുകയും ചെയ്യും. സിര്കാടിയന്‍ താളത്തിലെ പിഴകള്‍ വഴിയും ഉറക്ക പ്രശ്നമുണ്ടാകും. ഒരു നിശ്ചിത സമയം ഉറങ്ങാന്‍ പറ്റാത്തതാണ് ഇതിന്റെ പ്രധാന പ്രശ്നം.
🌷എത്ര മണിക്കൂര്‍ ഉറങ്ങണം
രണ്ടു മാസം വരെയുള്ള കുട്ടികള്‍ 18 മണിക്കൂര്‍ ഉറങ്ങണം. അത് പിന്നെ മുതിര്‍ന്നു വരുന്തോറും കുറഞ്ഞു കുറഞ്ഞു 19 വയസ്സാകുമ്പോള്‍ 8 - 9 മണിക്കൂര്‍ ഉറങ്ങണം. പ്രായ പൂര്ത്തിയായവര്‍ 7 മണിക്കൂര്‍ എങ്കിലും ഉറങ്ങണം. പ്രായ പൂര്‍ത്തിയായവര്‍ക്ക് തീരെ ഉറക്കം കുറഞ്ഞാലും, കൂടുതല്‍ ഉറക്കമായാലും പല വിധ പ്രശ്നങ്ങളും ഉണ്ടാകാം. നന്നായി ഉറങ്ങുന്നവരെക്കാള്‍
തലച്ചോറിനു വാര്‍ധക്യം നന്നായി ഉറങ്ങാത്തവര്‍ക്ക് വേഗന്നു ബാധിക്കുന്നു. അതായത് 5 മണിക്കൂറില്‍ കുറഞ്ഞുറങ്ങന്നവര്‍ക്കും, 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്കും, ഇങ്ങിനെയുള്ള പ്രശ്നം വരുന്നു. 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങിയാല്‍ ദുര്‍മേദസ്സ്, പ്രമേഹം, ഹൃദ്രോഗം എന്നിവയും. അഞ്ചു മണിക്കൂറില്‍ കുറവായാല്‍ അമിത രക്തസമര്‍ദ്ദം, ക്ഷീണം, ശ്രദ്ധയില്ലായ്മ, ഏകാഗ്രതയില്ലായ്മ ഇവയുണ്ടാകാം.
🌷ഉറക്കം കുറഞ്ഞാലുള്ള പ്രശ്നങ്ങള്‍
1 ) ഏകാഗ്രതയില്ലായ്മ, ഉത്കണ്ട ഇവയുണ്ടാകുന്നു
2 ) പ്രതിരോധ ശക്തി കുറയല്‍ (രക്തത്തില്‍ വെള്ള രക്താണുക്കള്‍ കുറയുന്നു)
3 ശ്രദ്ധയില്ലായ്മ, അസ്വസ്ഥത, കണ്ണിനു വേദന, കരുകരപ്പ് ഇവയുണ്ടാകുന്നു.
4 ) വിഷാദരോഗം, ഉത്കണ്ടാ രോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനം, വാതം ഇവയുണ്ടാകുന്നു
5 ) സന്തോഷം ജനിപ്പിക്കുന്ന മേലാടോനിന്‍ എന്ന ഹോര്‍മോണ്‍ കുറയുന്നു
6 ) ശാരീരിക ക്ഷീണം കൂടുന്നു
7) ശരീര ഭാരം കൂടുന്നു - തലച്ചോറിനു ആവശ്യത്തിനു ഓക്സിജന്‍ കിട്ടാതെ വരുമ്പോള്‍ പകല്‍ സമയം കൂടുതല്‍ ക്ഷീണം തോന്നും. ഈ ക്ഷീണം മാറാന്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നു. ഇതാണ് തടി കൂടാന്‍ കാരണം.
🌷ഉറക്കം കുറയുന്നതിന്റെ കാരണങ്ങള്‍
1 ) അസ്വസ്ഥമായ മനസ്സ്
2 ) ഉറങ്ങുന്നതിനു മുമ്പ് കാപ്പി, ചായ ഇവ കുടിക്കല്‍
3 ) ഉറങ്ങുന്നതിനു മുമ്പ് അമിതമായി മദ്യപിക്കള്‍, പുക വലിക്കുക,
4 ) രാത്രി എരിവു, മസാല ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുക
5 ) ഭക്ഷണം തീരെ കഴിക്കാതെ കിടക്കുക
6 ) ശരീരത്തിന്റെ വേദനകള്‍, മനസ്സിന്റെ വേദനകള്‍
7 ) ചെറുതും, ശബ്ദമാനമായതും, വൃത്തിയില്ലത്തതും ആയ മുറികള്‍
8 ) ചിട്ടയില്ലായ്മ, ഷിഫ്റ്റ് ഡ്യൂട്ടി, വ്യായാമമില്ലായ്മ മുതലായവ
9 ) വൃത്തിയില്ലാത്ത ബെഡ് റൂം, സ്ഥലം മാറി ഉറങ്ങല്‍ തുടങ്ങിയവ
10 ) നല്ല ചൂട്, നല്ല തണുപ്പ്, വൃത്തിയില്ലാത്ത പായ, ബെഡ് തുടങ്ങിയവ
11 ) വിഷാദ രോഗം, ഉത്കണ്ട
നല്ല ഉറക്കം കിട്ടാനുള്ള മാര്‍ഗങ്ങള്‍
1 ) നല്ല ചിന്തയില്‍ ഉറങ്ങാന്‍ പോകുക
2 ) ഉറങ്ങുന്നതിനു മുമ്പു പ്രാര്‍ത്ഥന, ധ്യാനം ഇവയിലേതെങ്കിലും ചെയ്യുക
3 ) എന്തെങ്കിലും ആകംഷയുണ്ടാകാത്ത നല്ല പുസ്തകങ്ങള്‍ വായിക്കുക
4 ) പകല്‍ സമയം വ്യായാമം ചെയ്യുക`
5 ) ഉറങ്ങുന്നതിനു മുമ്പ് പാല്‍, വാഴപ്പഴം ഇവയിലേതെങ്കിലും കഴിക്കുക
6 ) ഉറങ്ങുന്നതിനു മുമ്പ് മിതഭക്ഷണം കഴിക്കുക
7 ) ഉറങ്ങുന്നതിനു മുമ്പു നല്ല സംഗീതം കേള്‍ക്കുക
8 ) ബെഡ് റൂം, ബെഡ് ഇവ നല്ലതാണെന്ന് ഉറപ്പു വരുത്തുക
9 ) സുഖകരമായ അന്തരീക്ഷ താപനില, ശുദ്ദവായു ഇവ ഉറപ്പാക്കുക
10 ) വീണ്ടും ഉറക്കം വന്നില്ലെങ്കില്‍ താല്പര്യമുള്ള എന്തെങ്കിലും എഴുതുക, വായിക്കുക, ടി വീ കാണുക
🌷നല്ല ഉറക്കത്തിന്റെ ഗുണങ്ങള്‍
1 ) നല്ല ഓര്മ കിട്ടുന്നു - പഠിക്കുന്ന എന്തും ഉറക്കത്തിനു മുമ്പ് പഠിക്കുക, ഉണര്നാലുടനെ പഠിക്കുക എങ്കില്‍ നല്ല ഓര്മ കിട്ടുക തന്നെ ചെയ്യും
2 ) ആയുസ്സ് കൂട്ടുന്നു - കുറച്ചുറക്കവും അമിത ഉറക്കവും ആയുസ്സ് കുറക്കുന്നു. 6 തൊട്ടു 8 മണിക്കൂര്‍ വരെ ഉള്ള ഉറക്കം ആയുസ്സ് കൂട്ടുന്നു.
3 ) വിവിധ രോഗങ്ങള്‍ കുറയുന്നു - സ്ട്രോക്ക്, BP , വാതം, പ്രമേഹം, അകാല നര, അകാല വാര്‍ധക്യം, ഇവ കുറയുന്നു.
4 ) ക്രിയാത്മകത വര്‍ധിക്കുന്നു - നല്ല ഉറക്കം ഉന്മേഷത്തോടെ ജോലി ചെയ്യുന്നതിനും, പുതിയ ആശയങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇടയാക്കുന്നു
5 ) കുട്ടികളുടെ പഠനം നന്നാകുന്നു - നല്ല ഉറക്കം കുട്ടികളുടെ പഠിക്കുന്നതിലെ ശ്രദ്ധ, ക്ലാസ്സിലെ ക്രിയാത്മകത, അതിലൂടെ നല്ല മാര്കും കിട്ടുന്നു.
6 ) ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു - ആവശ്യത്തിനു തൂക്കം ഇല്ലെങ്കില്‍ നന്നായി ഉറങ്ങുക
7 ) മാനസിക സമ്മര്‍ദ്ദം കുറയുന്നു - നല്ല ഉറക്കം സമ്മര്‍ദ്ദം കുറച്ചു, ശരീര ഉപാപചയങ്ങള്‍ നേരെയാക്കുന്നു
8 ) നല്ല ഉറക്കം അപകടങ്ങള്‍ കുറക്കുന്നു - നല്ല ഉറക്കം കിട്ടിയാല്‍ ഡ്രൈവര്‍മാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങിപോകാതെ അപകടം
ഒഴിവാകുന്നു
🌷ചികിത്സാ മാര്‍ഗങ്ങള്‍
നിദ്രയുടെ പ്രശ്നങ്ങള്‍ കൂടുതല്‍ ആയാല്‍ മാത്രമേ ചികില്സിക്കെണ്ട്തുള്ളൂ. ചില ആശുപത്രികളില്‍ ഇതിനുള്ള സൌകര്യങ്ങള്‍ ഉണ്ട്, ഉദാ: തിരുവനന്തപുരം ശ്രീ ചിത്രയില്‍, പോളിസോമ്നോഗ്രഫി, MSLT (Multiple Sleep Latency Test ) എന്നീ ടെസ്റ്റുകള്‍ ഉറക്കത്തില്‍ തന്നെ ചെയ്തു ഉറക്കത്തിന്റെ താളപ്പിഴകള്‍ പരിഹരിക്കും, ന്യൂറോളജി, നെഞ്ചു രോഗവിഭാഗം, മനശാസ്ത്ര വിഭാഗം ഇങ്ങിനെ മൂന്നു വിഭാഗം കൂടിയ ഒരു ടീമിന്റെ സംയുക്ത ചികിത്സയാണിവിടെ ചെയ്യുന്നത്
Comments
Post a Comment